ബെയ്ജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്കിടയാക്കിയ എവർഗ്രാൻഡെ കന്പനിയുടെ സ്ഥാപക ചെയർമാൻ ഹുയി യാ യാനിന് ജീവപര്യന്തം തടവുശിക്ഷ. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെട്ടിരുന്ന ഹുയി കാ യാനിന്റെ സ്വത്തുവഹകൾ മുഴുവൻ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാളുടെ മക്കളായ ഷു ഷിജിയാൻ, ഷു ടെംഗെ എന്നിവർ അടക്കം കന്പനിയുമായി ബന്ധപ്പെട്ട 56 പേർക്ക് 22 മാസം മുതൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചു.
സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, പൊതുജനങ്ങളിൽനിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റളാണ് കോടതിയിൽ തെളിഞ്ഞത്.
ഗ്രാമീണ പശ്ചാത്തലത്തിൽനിന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെത്തിയ ഹുയി 1996ലാണ് എവർഗ്രാൻഡെ സ്ഥാപിച്ചത്. അതിവേഗ വളർച്ച മൂലം കന്പനി ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനും ഹുയി ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നനുമായി.
റിയൽ എസ്്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കാൻ ചൈനീസ് ഭരണകൂടം 2020ൽ സ്വീകരിച്ച നടപടികളാണ് എവർഗ്രാൻഡെയെ തകർച്ചയിലേക്കു നയിച്ചത്. വായ്പകൾ തിരിച്ചടയ്ക്കാൻ കിട്ടിയ വിലയ്ക്കു ഭൂമി വിറ്റഴിക്കാൻ തുടങ്ങിയ കന്പനി 2021ൽ തകർന്നു.
പാർപ്പിട സമുച്ചയ പദ്ധതികളുടെ പേരിൽ കന്പനി ജനങ്ങളിൽനിന്ന് മുൻകൂറായി ഫണ്ട് സമാഹരിച്ചെന്നും ഫണ്ട് പുതിയ പദ്ധതികൾക്കായി വകമാറ്റിയതോടെ പ്രൊജക്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
2016 നും 2021 നും ഇടയിൽ കമ്പനി തങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഏകദേശം 8000 കോടി ഡോളറിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി
99 ശതമാനം മൂല്യം ഇടിഞ്ഞ എവർഗ്രാന്ഡെ ഓഹരി 2025ൽ ഹോംഗോംഗ് വിപണിയിൽനിന്ന് നീക്കം ചെയ്തു. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യത്തിനിടയാക്കിയിരുന്നു.